വിശാഖപട്ടണം: ഒടുവിൽ നീണ്ട 20 മത്സരങ്ങൾക്കു ശേഷം ഇന്ത്യയ്ക്ക് ടോസ് വീണു. വിശാഖപട്ടണത്തെ നിർണായക ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്.
കഴിഞ്ഞ മത്സരം പരാജയപ്പെട്ട ടീമിൽ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദറിനു പകരം തിലക് വർമ അന്തിമ ഇലവനിലെത്തി.
അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ നാന്ദ്രെ ബർഗർ, ടോണി ഡി സോർസി എന്നിവർക്കു പകരം ഓട്ട്നീൽ ബാർട്ട്മാൻ, റിയാൻ റിക്കിൾട്ടൺ എന്നിവർ ടീമിൽ ഇടംപിടിച്ചു.
മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ട്രോഫി ആര്‍ക്കെന്നു നിശ്ചയിക്കുന്ന അവസാന അങ്കമാണ് വിശാഖപട്ടണത്ത് നടക്കുന്നത്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 17 റണ്‍സ് ജയം നേടിയപ്പോള്‍ റായ്പുരിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0ന് അടിയറവച്ചശേഷമാണ് ഇന്ത്യ ഏകദിനം കളിക്കാന്‍ ഇറങ്ങിയത്. ഏകദിനത്തില്‍ മാത്രം ദേശീയ ജഴ്സിയില്‍ കളിക്കുന്ന രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മികച്ചു നിന്നു. കോഹ്ലി രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ രോഹിത് ആദ്യ ഏകദിനത്തില്‍ അര്‍ധശതകം സ്വന്തമാക്കി.
കോഹ്ലി രാജ്യാന്തര ഏകദിനത്തില്‍ 11-ാം തവണയാണ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സെഞ്ചുറി നേടുന്നത്. താരത്തിന്റെ പ്രകടനം ഇന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് നാലാം നമ്പറില്‍ ഉറയ്ക്കാനുള്ള തയാറെടുപ്പിലാണ്.
എന്നാല്‍, ഇന്നു ജയിച്ചില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേടാണ്. 2021-22ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു, ഒരു പര്യടനത്തില്‍/ടൂറില്‍ ടെസ്റ്റും ഏകദിനവും ഇന്ത്യന്‍ ടീം അവസാനമായി കൈവിട്ടത്. അതേസമയം, അന്ന് സ്വന്തം നാട്ടില്‍ ഇന്ത്യയെ വെറുംകൈയോടെ പറഞ്ഞയച്ചത് ഇന്ന് ഇന്ത്യയില്‍വച്ച് ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് ദക്ഷിണാഫ്രിക്ക.
ഇന്ത്യയില്‍ ഏതെങ്കിലും ഒരു ടീം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അവസാനമായി സ്വന്തമാക്കിയത് 1986-87ല്‍ ആയിരുന്നു. അന്ന് പാക്കിസ്ഥാന് 1-0ന് ടെസ്റ്റിലും 5-1ന് ഏകദിനത്തിലും ഇന്ത്യയെ തോല്‍പ്പിച്ചു.
ഇന്നു ജയിച്ചില്ലെങ്കില്‍ 38 വര്‍ഷത്തിനുശേഷം ഒരു പരമ്പരയിലെ ടെസ്റ്റിലും ഏകദിനത്തിലും ടീം ഇന്ത്യക്കു സ്വന്തം നാട്ടില്‍ തലതാഴ്ത്തേണ്ടിവരും. ആ നാണക്കേടിലേക്കുകൂടി ടീം ഇന്ത്യയെ തള്ളിവിടാനുള്ള ശ്രമത്തിലാണ്, 2000നുശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), തിലക് വർമ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റിയാൻ റിക്കിൾട്ടൺ, ക്വിന്റൺ ഡി കോക്ക്, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീസ്കെ, എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രീവിസ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുംഗി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.